Sunday, August 30, 2009

ആഘോഷങ്ങള്‍


ഓരോ ആഘോഷങ്ങളും അടുക്കുമ്പോള്‍ മനസ് ആദ്യം സഞ്ചരിക്കുന്നത് ഭൂത കാലത്തിലെക്കാണ് . അവിടെ കാണുന്ന
ഓരോ അനുഭവങ്ങളും അത്ര മാത്രം മനസിനെ ഗൃഹാതുരമാക്കുന്നു. ബാല്യത്തിന്റെ തിരിച്ചറിവില്‍ തന്നെ ആയിരിക്കണം നമ്മള്‍ ആഘോഷങ്ങളെയും ഉത്സവങ്ങളെയും ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ബാല്യത്തിന്റെ കുസൃതികള്‍ക്കും വികൃതികള്‍ക്കും നിറം പകര്‍ന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും കളിപാട്ടങ്ങളുടെയും വര്‍ണ പന്തുകളുടെയും ലോകം നമ്മുക്ക് സമ്മാനിച്ചു. നേരത്ത് ആള്‍കൂട്ടത്തില്‍ ഒരാളാകാന്‍ ബാല്യകാലം തൊട്ടു നമ്മളും ശീലിക്കുന്നു. അങ്ങനെ സമൂഹ ജീവിയാകുന്നതിന്റെ ആദ്യ പാഠങ്ങള്‍ ലഭിക്കുന്ന സമയം കൂടിയാകുന്നു ആഘോഷങ്ങള്‍. ഓര്‍മകളില്‍ പലപ്പോഴും ഏറ്റവുമധിക്കം തിളങ്ങി നില്കുന്നത് ബാല്യത്തിന്റെ പടി കടന്നു വന്ന കൗമാരത്തിന്റെ ചാപല്യങ്ങള്‍ ആകാം. കറുത്ത പെന്‍സില്‍ കൊണ്ടു പൊടി മീശ വരച്ച് ഉത്സവ പറമ്പിലേക്ക്‌ കൂടുകാരും ഒത്തുള്ള കറക്കം. അതിനിടയില്‍ കാണുന്ന പട്ടു പാവടകള്‍. വള കിലുക്കങ്ങള്‍, പ്രണയത്തിന്റെ ആദ്യ സ്പര്‍ശം.അങ്ങിനെ ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്കുന്നു അവ്യക്തമായ മുഖങ്ങള്‍. ഉത്സവ പറമ്പിലെ അരണ്ട വെളിച്ചത്തില്‍ ആലിന്റെ കീഴെ കൂടുകാരികള്കൊപ്പും നിലാവ് പൊഴിക്കുന്ന പുഞ്ചിരിയുമായി പട്ടു പാവാടയും ദാവണിയുമായി നിന്ന ശാലീനത ഇന്നും പലരുടെയും ഉറക്കം നഷ്ടപെടുത്തുണ്ടാകും. ഉത്സവ കാഴ്ചകളുടെ വര്‍ണ പ്രഭയില്‍ മനസിനെ അലോസരപെടുത്തിയ സൌന്ദര്യം വര്‍ഷങ്ങള്‍ക്കു ശേഷം എവിടെയാണെന്ന് അറിയാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ സഹായം തേടുന്നവരും ധാരാളം. ഇപ്പോള്‍ മൂന്ന് വയസുള്ള കുട്ടി മുതല്‍ തൊണൂറ് തികഞ്ഞ അമ്മു‌മമാര്‍ വരെ ഓര്കുട്ടിന്റെയും ഫേസ് ബുകിന്റെയും ലോകത്ത് ബന്ധങ്ങള്‍ പുതുക്കുമ്പോള്‍ പഴയ ഉത്സവങ്ങള്‍ക്ക് നിറം മങ്ങുന്നുണ്ടോ എന്നൊരു സംശയം. ആശംസകള്‍ ആരോ ഡിസൈന്‍ ചെയ്ത സ്ക്രാപ്പ് സന്ദേശങ്ങളായി എത്തുമ്പോള്‍ മനസില്‍ എവിടെയോ ചെറിയ ഒരു നൊമ്പരം.

Friday, August 28, 2009

നൊസ്റ്റാള്‍ജിയ


നൊസ്റ്റാള്‍ജിയ പലപ്പോഴും പ്രണയം പോലെ മനോഹരമാണ്. തന്റെ മനസും ഹൃദയവും താമസിക്കുന്ന സ്ഥലത്തു നിന്നും മാറി ജീവിതം മുന്നോട്ടു കൊണ്ടു പോകാനായി പുതിയ മേച്ചില്‍ പുറങ്ങള് തേടി അലയേണ്ടി വരുമ്പോള്‍ ആ നൊസ്റ്റാള്‍ജിയ മെല്ലെ മെല്ലെ വളരുന്നു. പിന്നീട് മനസും ഹൃദയവും പഴയ ഓര്‍മകളെ ഒരു ആല്‍ബത്തില്‍ നിന്നും പേജുകള്‍ മറിക്കുന്നത് പോലെ പല പല ചിത്രങ്ങള്‍ നമുക്കു കാണിച്ചു തരുന്നു. ബാല്യകാലത്ത്‌ അവധി കിട്ടുന്ന നേരത്തു കുറച്ചകലെയുള്ള ബന്ധു വീടുകളില്‍ പോയി താമസികുമ്പോള്‍ ആയിരിക്കണം നമ്മളില്‍ ഭൂരിഭാഗവും ആദ്യമായി നൊസ്റ്റാള്‍ജിയ അനുഭവിക്കുന്നത്. ചെറിയ ഇടവേളകളില് പകലിന്റെ ഊര് ചുററലിന് ശേഷം രാത്രിയുടെ കംമ്പത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നു തറവാടിന്റെ നീണ്ട ഇടനാഴികള്‍, നമ്മോടൊപ്പം ദിവസവും അടിപിടി കൂടുന്ന കൂട്ടുകാര്‍. അവധിയുടെ പരോള്‍ കഴിഞ്ഞു വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ പിന്നെ ഒന്നു രണ്ടു ദിവസം എങ്കിലും എടുക്കുന്നു
നൊസ്റ്റാള്‍ജിയ മാറാന്‍. ബാല്യത്തിന്റെ തമാശകള്‍ മറന്നു പോകുന്ന കൌമാരത്തിലാണ് പിന്നെ നമ്മള്‍ വീണ്ടും നൊസ്റ്റാള്ജിക് ആകുന്നതു. ഇടയ്ക്ക് കയറി വരുന്ന പഠന്ന യാത്രകളും, വ്യക്തിത്വ വികസന ക്യാമ്പുകളും പല്ല്ലപ്പോഴും കാലഘട്ടത്തില്‍ നമ്മെ വീടുമായി കുറച്ചു നേരെത്തെകെങ്കിലും മാറ്റി നിര്‍ത്തിയിരുന്നു. പഴയ കാലത്ത് ഇന്നത്തെ പോലെ മൊബൈല് ഫോണിന്റെ ശല്യം ഇല്ലാത്തതു കാരണം ആരും വിളിച്ചു അന്വേഷിക്കരുമില്ല. അങ്ങനെ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം പ്രിയപ്പെട്ടവരില്‍ നിന്നും വിട്ടു നില്ക്കുന്ന വിദ്യാലയ ദിനങ്ങള്‍ നമ്മെ വല്ലാതെ നൊസ്റ്റാള്ജിക് ആക്കുമായിരുന്നു. കൗമാരത്തിന്റെ ചാപല്യങ്ങള്‍ വിട്ടു മാറിയാല്‍ കുറച്ചു കൂടി പക്ക്വമായ അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നു. ഇനി പറക്കാന്‍ പറ്റുമെന്ന വിശ്വാസം അതിന്റെ ഉച്ചസ്ഥായിയില്‍ ഒരാളെ പിടികൂടുന്ന സമയം. ജോലി തേടാനായി അല്ലെങ്കില്‍ ഉന്നത പഠനം നേടാനായി തനിക്ക് ജന്മം തന്ന വീട്ടില്‍ നിന്നു പുറത്തേക്ക് പറക്കാനുള്ള ശ്രമം അവിടെ നിന്നു ആരംഭിക്കുന്നു. അമ്മ തന്നു വിടുന്ന കട് മാങ്ങാ അച്ചാറും, ഉപ്പേരിയുമായി, അച്ഛന്‍ തന്റെ മടികുത്തില്‍ നിന്നും ആരും കാണാതെ കൈയിലേക്ക് വെച്ചു തരുന്ന മുഷിഞ്ഞ നോട്ടുകള്‍ സഹിതം നമ്മുടെ യാത്ര അവിടെ ആരംഭിക്കുന്നു. ഇതോടെ ഹോസ്റ്റല്‍ മുറികളില്‍
നൊസ്റ്റാള്‍ജിയ ഉണരുന്നു . അങ്ങിനെ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി മെല്ലെ മെല്ലെ തറവാട് മുറ്റത്ത്‌ നിന്നും പുതിയ ആകാശവും പുതിയ ഭൂമിയും തേടി നമ്മള്‍ യാത്ര തുടങ്ങന്നു. ചിലപ്പോള്‍ നടക്കുന്ന വഴിയില്‍ കണ്ടു മുട്ടുന്ന ചിത്ര ശലഭങ്ങളില് മനോഹരമായ ഒന്നു നമ്മോടൊപ്പം യാത്രില്‍ പങ്കു ചേരുന്നു. ഇവിടെ നമ്മള്‍ പലപ്പോഴും
നൊസ്റ്റാള്‍ജിയ മറക്കുന്നു. മെല്ലെ ഒരു വശം ചേര്ത്തു ഒള്ളിപ്പിച്ചു നിര്ത്തുന്നു. പിന്നീട് മെല്ലെ മെല്ലെ കാല്പനികതയുടെ മൂടുപടം അഴിഞ്ഞു വീഴുമ്പോള്‍ വീണ്ടും നൊസ്റ്റാള്‍ജിയ ഉണരുന്നു. നാടും വീടും വീട്ടിലെ തൊടിയും, തൊടിയിലെ തേന്മാവും, അതിലെ മധുരം കിനിയുന്ന മാങ്ങയും, മാങ്ങയെ കുളിപിക്കുന്ന രാത്രി മഴയും നമ്മെ വീണ്ടും കൊതിപ്പിക്കാന്‍ തുടങ്ങന്നു. അങ്ങിനെ നൊസ്റ്റാള്‍ജിയ അവിടെ വീണ്ടും പുനര്‍ജനിക്കുന്നു


പരിചയപെടുത്തല്‍

ഞാന്‍ പ്രദീപ്‌ പുറവങ്കര
കഴിഞ്ഞ ഒന്‍പതു വര്ഷമായി മുത്തുകളുടെ ലോകത്ത് പ്രവാസി
മാധ്യമ പ്രവര്‍ത്തകന്‍
പത്രം, ടെലിവിഷന്‍, ഇപ്പോള്‍ റേഡിയോ
തോന്ന്യാക്ഷരങ്ങളിലൂടെ ഹൃദയം തുറന്ന സംവാദമാണ്. എന്റെ മനസ്സില്‍ പെയ്തു തോരാത്ത മഴത്തുള്ളികള്‍ പോലെയുള്ള ഓര്മ ചിന്തകള്‍ നമ്മുക്കിവിടെ പങ്കു വെക്കാം.
സ്നേഹപൂര്‍വം
പ്രദീപ്‌ പുറവങ്കര